പാലാ: നഗരസഭയിലെ വിമത കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്സണ്‍ മായ രാഹുലിനും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. 22ന് ഹിയറിംഗിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്പില് ഹാജരാകാനാണ് നോട്ടീസ്.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ വിപ്പ് ലംഘിച്ചതിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ടോണി തൈപ്പറമ്പില്‍, ബിജു മാത്യുസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവര്‍ക്കെതിരേ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോര്‍ജ് പനയ്ക്കലും ചെയര്‍പേഴ്സണ്‍ മായ രാഹുലിനെതിരേ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടവും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതികളിലാണ് നിലവില്‍ നോട്ടീസ് വന്നിരിക്കുന്നത്.
വിമത കൗണ്‍സിലര്‍മാര്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിശ്വാസമില്ല എന്നു പ്രമേയം പാസാക്കുകയും അതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് ദിയാ ബിനുവിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരികയുമാണുണ്ടായത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ദിയ ബിനുവിനെതിരേ വോട്ട് ചെയ്യരുതെന്നുള്ള ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയിരുന്നു. ഡിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോര്‍ജ് പനക്കല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
വിപ്പ് ലംഘനം ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇവരെ അയോഗ്യരാക്കുകയും തുടര്‍ന്ന് ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ഈ മാസം നടക്കാനിരിക്കുന്ന വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ സംബന്ധിച്ച് വിമതര്‍ക്കിടയില്‍ ഇതേവരെ സമവായമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കൗണ്‍സിലര്‍മാരായ ബിജു മാത്യൂസും ടോണി തൈപ്പറമ്പിലും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനായി രംഗത്തുണ്ട്.
വിപ്പ് ലഭിച്ചിട്ടില്ല: ടോണി തൈപ്പറന്പിൽ
പാലാ: കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്കിയെന്നു പറയുന്ന വിപ്പ് തങ്ങള്‍ കണ്ടിട്ടില്ലെന്നും കൈപ്പറ്റിയിട്ടില്ലെന്നും നഗരസഭയിലെ കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍മാരുടെ ലീഡര്‍ ടോണി തൈപ്പറമ്പില്‍ പറഞ്ഞു.
തങ്ങളില്‍ പലരും സ്ഥലത്തുണ്ടായിരുന്നില്ല. മണ്ഡലം കമ്മിറ്റിയുടെ തീരുമാനം ദിയ ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കണമെന്നതായിരുന്നു. അക്കാരണത്താല്‍തന്നെ ഇങ്ങനെയൊരു വിപ്പിന്റെ കാര്യം തങ്ങളുടെ പരിഗണനയിലുണ്ടായിരുന്നില്ല. 22ന് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ ഹാജരായി വിശദീകരണം നല്‍കും. തീരുമാനം തങ്ങള്‍ക്ക് എതിരാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ടോണി തൈപ്പറമ്പില്‍ പറഞ്ഞു.